സമൂഹത്തില്‍ ലഹരി ഉപയോഗിക്കുന്നവരുടെ എണ്ണം വര്‍ധിച്ചു വരുന്നുവെന്ന ആശങ്കാജനകമായ സാഹചര്യത്തിലൂടെയാണ് നാം കടന്നു പോവുന്നത്. നമ്മുടെ വിദ്യാര്‍ത്ഥികള്‍ പോലും ലഹരി മാഫിയകളുടെ കെണിയില്‍ അകപ്പെടുന്നു. ഈ സാമൂഹ്യ വിപത്തിനെതിരെ ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങളും ബോധവല്‍ക്കരണവും അനിവാര്യമാണ്. നിരവധി കര്‍മ്മ, പ്രചാരണ പരിപാടികള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് റെലിക്റ്റ- 2022 എന്ന പേരില്‍ പെരിന്തല്‍മണ്ണ നിയോജക മണ്ഡലത്തില്‍ മൂന്നു മാസ ലഹരി വിരുദ്ധ ജനകീയ കാമ്പയിന്‍ സംഘടിപ്പിക്കാന്‍ 20.09.2022ന് പെരിന്തല്‍മണ്ണയില്‍ വിളിച്ചു ചേര്‍ത്ത വിവിധ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെയും ഉദ്യോഗസ്ഥ മേധാവികളുടെയും ജനപ്രതിനിധികളുടെയും വിദ്യാര്‍ത്ഥി, യുവജന സംഘടന പ്രതിനിധികളുടെയും സംയുക്ത യോഗത്തില്‍ തീരുമാനിച്ചിട്ടുണ്ട്. കാമ്പയിന്റെ ഭാഗമായി 2022 ഓക്ടോബര്‍ 2 (ഗാന്ധി ജയന്തി ദിനം) ഞായറാഴ്ച വെകുന്നേരം 4 മണിക്ക് പെരിന്തല്‍മണ്ണയില്‍ ലഹരി വിരുദ്ധ വിദ്യാര്‍ത്ഥി റാലിയും ലഹരി വിരുദ്ധ സാസ്‌ക്കാരിക സദസ്സും സംഘടിപ്പിക്കുകയാണ്. വിദ്യാര്‍ത്ഥി റാലി മനഴി ബസ് സ്റ്റാന്റ് പരിസരത്ത് നിന്നാരംഭിച്ച് ടൗണ്‍ സ്‌ക്വയറില്‍ സമാപിക്കും. തുടര്‍ന്ന് ടൗണ്‍ സ്‌ക്വയറില്‍ നടക്കുന്ന സാംസ്‌ക്കാരിക സദസ്സ് വിജയിപ്പിക്കുന്നതിനായി നിങ്ങള്‍ എല്ലാവരുടെയും സാന്നിധ്യമുണ്ടാവണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. നമ്മുടെ കുട്ടികളെയും യുവാക്കളെയും നശിപ്പിക്കുന്ന ഈ സാമൂഹിക തിന്മക്കെതിരെ നമുക്ക് ഒരുമിച്ചു നില്‍ക്കാം. പ്രതിരോധിക്കാം...